മലബാർ എക്സ്പ്രെസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു നൂറു മധുരമുള്ള ഓർമ്മകൾ അലയടിക്കും. എന്നാൽ ഇനി പറയുന്നത് അത്ര സുഖമില്ലാത്ത ഒരു ഓർമ്മയാണ്…..
എഞ്ചിനീയറിംഗിന് കാസർഗോഡ് പഠിക്കുമ്പോൾ പോയിവരാൻ ആകെ ആശ്രയം മലബാർ, പരശുറാം എക്സ്പ്രസ്സ് എന്നീ രണ്ട് ട്രെയിനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. Konkan railway ഇല്ലാതിരുന്ന കാലം. അന്നൊക്കെ ട്രെയിനിൽ കയറുന്നത് tarson നെ പോലെ ആയിരുന്നു. കയറിപ്പറ്റാൻ തന്നെ ബുദ്ധിമുട്ട്. ബാത്‌റൂമിലും നടപ്പാതയിലും സീറ്റിനു അടിയിലും ജനങ്ങൾ. മണ്ണ് കിള്ളിയിടാൻ സ്ഥലം ഇല്ല. അങ്ങനെ ഉള്ളപ്പോഴാണ് കാസർഗോഡ് നിന്ന് ഞങ്ങൾ ഇടിച്ചു കുത്തി കയറുന്നത്. ഇരിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് പിന്നെ. തൊട്ടടുത്തു സ്റ്റേഷനിൽ ഇറങ്ങുന്നവരുടെ അടുത്ത് പോയി നിൽക്കും. അവർ ഇറങ്ങിയാൽ ചാടിക്കയറി ഇരിക്കും. അങ്ങനെ ഞങ്ങൾ കൂട്ടുകാർ എല്ലാരും ഇരുന്നു കഴിയുമ്പോൾ പിന്നെ അന്താക്ഷരി, dumbcharades, ചീട്ടുകളി തുടങ്ങി രാത്രി പകലാക്കിയുള്ള പാട്ടും മേളവും. അടിപൊളി യാത്ര. ടൂർ പോകുന്ന പോലെയുള്ള സന്തോഷം. 10 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങൾ അർമാദിച്ചു തിമിർക്കും. അവിടെ ഉറങ്ങുന്ന മറ്റുള്ളവർ ഉറങ്ങുന്നുണ്ടെന്നോ, കുഞ്ഞുങ്ങൾ ഉണ്ടെന്നോ വീണ്ടുവിചാരമില്ലാത്ത പ്രായത്തിന്റെ ചാപല്യം ….
Google pay, online transfer ഒന്നമില്ലാതിരുന്ന അക്കാലത്തു ബാങ്കിൽ കൊണ്ട് പോയി ഇടുന്ന പൈസ ആയിരുന്നു ഹോസ്റ്റലിലെ കാര്യങ്ങൾക്ക് ചെലവാക്കി കൊണ്ടിരുന്നത്. ബാങ്കിൽ പൈസ തീരുമ്പോഴാണ് വീട്ടിലേക്കൊരു പോക്ക്. അങ്ങനെ അത്തവണയും ബാങ്കിലെ പൈസ തീർന്നു. എല്ലാവരും വീട്ടിൽ പോകാൻ തയാറായി. 150 രൂപ ആരോടൊക്കെയോ കടം വാങ്ങി. 150 രൂപക്ക് ഇന്നത്തെ 1000 രൂപയുടെ വിലയുണ്ടേ. 100 രൂപ ടിക്കറ്റിനും ആഹാരത്തിനുമായി ചിലവായി. ബാക്കി 50 രൂപയും ടിക്കറ്റും ഭദ്രമായി പേഴ്സിൽ വച്ചു.
ഇനിയാണ് കഥ തുടങ്ങുന്നത്….
എന്നത്തേയും പോലെ ഞങ്ങൾ ഇടിച്ചു കയറി സ്ഥലം പിടിച്ചു ഇരിപ്പു തുടങ്ങി. പാട്ടും മേളവുമായി സമയം പോയതറിഞ്ഞില്ല. ഷൊർണുർ ആകാറായി. അപ്പോഴാണ് എന്റെ കൈയിൽ ഉള്ള 50 രൂപയെ പറ്റി ഞാൻ ഓർത്തത്. രാവിലെ വീട്ടിലേക്ക് പോകാൻ 10 രൂപ മതി. നേരം വെളുക്കുമ്പോൾ 50 രൂപയുടെ ഒറ്റ നോട്ടെടുത്തു കൊടുത്താൽ കണ്ടക്ടർ പറയാൻ ബാക്കി ഒന്നും ഉണ്ടാകില്ല.
ഞാൻ കൂട്ടുകാരോട് ചായ കുടിക്കുന്നതിനെപ്പറ്റി ചോദിച്ചു. പലർക്കും വേണ്ടത്രേ.
പൈസ ഞാൻ കൊടുത്തോളാം..
ദേ ലഡ്ഡു പൊട്ടി……..
എന്റെയല്ല. അവരുടെ മനസ്സിൽ…..
കണ്ണൊക്കെ പുറത്തേക്ക് തള്ളി വരുന്നു… 5 പൈസ ഇല്ല എന്നും പറഞ്ഞ് കരഞ്ഞു നടന്ന ഇവൾക്ക് ഇതെന്തു പറ്റി. ഇവൾ ഇത്ര പെട്ടെന്ന് rich ആയോ??????
അവരുടെ മനസ്സ് എനിക്ക് വായിച്ചെടുക്കാൻ പറ്റി.
അല്പം തലക്കനത്തോടെ കോളർ ഒക്കെ പൊക്കി ഞാനിരുന്നു.
ചില്ലറ മാറാനുള്ള എന്റെ ഗൂഡ ഉദ്ദേശം അവർക്കറിയില്ലല്ലോ
അങ്ങനെ ഷൊർണുർ സമാഗതമായി സുഹൃത്തുക്കളെ…
അതാ വരുന്നു ചായ ചായ ,വട ശബ്ദങ്ങൾ…
ഒരു ചേട്ടനെ വിളിച്ചു നിർത്തി. എല്ലാവർക്കും ചായ തന്നു. വേണ്ടെന്ന് പറഞ്ഞവരെ നിർബന്ധിച്ചു കുടിപ്പിച്ചു.
വട വേണ്ടവർ വാങ്ങിച്ചോളൂ, എന്റെ ശബ്ദം കേട്ട് അവർ ഞെട്ടിയോ….
എല്ലാരും അദ്‌ഭുത ജീവിയെ പോലെ എന്നെ നോക്കുന്നു. ഞാൻ അഭിമാനത്തോടെ ചായ കുടിച്ചു.
അവസാനം ചേട്ടാ എത്ര രൂപയായി. എന്റെ നിഷ്കളങ്കമായ ചോദ്യം. ചേട്ടൻ പൈസ പറയുന്നു.
ഞാൻ ദൃതങ്കപുളകിതയായി, കാരണം 50 രൂപയിൽ ഒത്തിരി കുറവായിരുന്നു മൊത്തം ചിലവ്.
അഹങ്കാരത്തോടെ ഞാൻ സീറ്റിന്റെ അടിയിൽ നിന്ന് ബാഗ് വലിച്ചെടുക്കുന്നു. തുറക്കുന്നു. എടുക്കാനുള്ള സൗകര്യത്തിന് പേഴ്‌സ് ഏറ്റവും മുകളിൽ തന്നെ വച്ചിരുന്നു. നിറഞ്ഞ ചിരിയോടെ പേഴ്‌സ് തുറക്കുന്നു. ആകെ 50 രൂപയുടെ ഒറ്റ നോട്ട് ഉണ്ടായിരുന്നത് കൊണ്ട് നോക്കാതെ തന്നെ പേഴ്സിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിച്ചു. ഒന്നും പുറത്തേക്ക് വന്നില്ല. വീണ്ടും നോക്കി. ഇല്ല. വരുന്നില്ല. എന്തായിരിക്കും. ഞാൻ പേഴ്സിനുള്ളിലേക്ക് ഊളിയിട്ടു നോക്കി. അവിടം ശൂന്യം.
ഠിം ഠിം ഠിം ഇപ്പോൾ കേട്ടത് എന്റെ ഹൃദയം മിടിക്കുന്ന ശബ്ദമാണ് സുഹൃത്തുക്കളെ. എവിടെപ്പോയി എന്റെ 50 രൂപ. വലിച്ചെടുത്തപ്പോൾ പറന്നു പോയോ. താഴെയൊക്കെ ഞാൻ പരിശോധിക്കാൻ തുടങ്ങി. എന്റെ വെപ്രാളം കണ്ടിട്ട് എന്ത് പറ്റി എന്ന് കൂട്ടുകാർ അന്വേഷിച്ചു. പൈസ കാണുന്നില്ല..
നീ സമാധാനത്തോടെ നോക്കു. എവിടെ പോകാൻ. അവിടെ തന്നെ ഉണ്ടാകും.
എങ്ങനെ സമാധാനിക്കാൻ. ആകെ ഉള്ള അത്താണി ആണ്. വീണ്ടും പേഴ്‌സ് എടുത്ത് എല്ലാ അറകളും പരിശോദിച്ചു. അപ്പോഴാണ് ആ സത്യം ഞാൻ ഞെട്ടലോടെ മനസിലാക്കിയത്. 50 രൂപയോടൊപ്പം ടിക്കറ്റും കാണാനില്ല.
ദൈവമേ…. ആദ്മഗതം ഇത്തിരി ഉച്ചത്തിൽ ആയിപോയി….
പുറത്തു നിന്ന് ചായ ചേട്ടൻ കാശിനായി ബഹളം തുടങ്ങി. ആരുടെ കൈയിലും പൈസ ഇല്ല.
വിളിച്ചുണർത്തിയിട്ട് അത്താഴം ഇല്ല എന്ന അവസ്ഥ…..
എല്ലാരും കൂടി തപ്പി പെറുക്കി ചേട്ടനെ പറഞ്ഞു വിട്ടു. വീണ്ടും പൈസ തപ്പാൻ തുടങ്ങി. ബാഗിൽ എങ്ങാനും ഉണ്ടോ??? ആരുടെയോ ചോദ്യം കേട്ട ഉടനെ അലക്കാനുള്ള കൂറ തുണിയൊക്കെ വലിച്ചു പുറത്തിട്ടു തലങ്ങും വിലങ്ങും നോക്കി. അവിടെയുമില്ല. എവിടെ പോയി. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.
നീ സമാധാനപ്പെട്. നമുക്ക് നോക്കാം. ആശ്വസ വചനങ്ങളുമായി കൂട്ടുകാർ.
എങ്ങനെ സമാധാനപ്പെടും, എങ്ങനെ വീട്ടിൽ പോകും. ആകെ സങ്കടമായി. ഞങ്ങളുടെ സംസാരം കേട്ട് എന്താണ് കാര്യം എന്ന് അടുത്തിരുന്നവർ അന്വേഷിക്കാൻ തുടങ്ങി. അപ്പോഴാണ് അവർ പറയുന്നത്, ഒരാൾ സീറ്റിനടിയിൽ കിടക്കുന്നതു കണ്ടു എന്ന്. പിന്നെ ആ ബോഗി മുഴുവൻ അയാളെ അന്വേഷിച്ചു നടന്നു.
പൊടിപോലുമില്ല കണ്ടുപിടിക്കാൻ….
എന്റെ കടം മേടിച്ച 50 രൂപ മാത്രേ എടുക്കാൻ തോന്നിയുള്ളോ, അവന്റ തലയിൽ ഇടിത്തീ വീഴും. ഞാൻ കരഞ്ഞു പറഞ്ഞു.
എങ്ങനെ വീട്ടിൽ പോകും. പിന്നെ കൂട്ടുകാർ എല്ലാരും കൂടി തപ്പി പെറുക്കി 10 രൂപ തന്നു. അത് ഞാൻ കൈയിൽ നിന്ന് താഴെ വച്ചതേ ഇല്ല.
ചായ വേണ്ടെന്നു പറഞ്ഞവരെ നിർബന്ധിച്ചു കുടിപ്പിച്ചു. എന്റെ കാശും കൊടുത്തു. വീട്ടിൽ പോകാനുള്ള വണ്ടി കൂലിയും സംഘടിപ്പിച്ചു തന്ന അവരുടെ ഒരു അവസ്ഥ……
ഷൊർണുർ മുതൽ എറണാകുളം വരെ TTR വരരുതേ എന്നുള്ള പ്രാർത്ഥന വേറെയും.
മലബാർ എക്സ്പ്രസ്സ് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന തേനൂറുന്ന ഓർമകളുടെ കൂട്ടത്തിൽ ഈ ഒരു കുഞ്ഞു വേദനയും ബാക്കി ആകുന്നു….
Preetha K G