പേടിയായിരുന്നു ആദ്യം അവനെ കാണുമ്പോഴൊക്കെ, പിന്നെ അത്‌ അവിശ്വസനീയത ആയി.. ഇങ്ങനെ പാവമാകാമോ, ഇങ്ങനെ നിശ്ശബ്ദനാകാമോ .. ഇങ്ങനെ നിഷ്കളങ്കനാവാമോ..

താൻ നടക്കുമ്പോൾ ഒരു ഇല പോലും അറിയരുത്, ഒരു തരി പോലും അനങ്ങരുത് എന്ന വാശി പോലെ .. അതല്ലെങ്കിൽ, തങ്ങളിലാർക്കാണ് കൂടുതൽ ശാന്തത എന്നറിയാൻ മൂളിയാറിലെ ഇളം കാറ്റിനോട് മത്സരിക്കുകയായിരുന്നുവോ അവൻ..?

ഉദുമയിലെ ഡോർമെറ്ററിയിലാണ് അവനെ ആദ്യം കാണുന്നത് ..ആരാ ജൂനിയർ ആരാ സീനിയർ എന്ന് വിവേചിക്കാനുള്ള കഴിവ് എപ്പോഴേ നഷ്ടമായിരുന്നു.. ബോബിച്ചേട്ടനും ബിനോയിക്കും ശശാങ്കനും റിയാസിനും ഒരേ  പുഞ്ചിരി .. തന്നെയല്ലാതെ മറ്റാരെയും വിശ്വസിക്കാൻ വയ്യാത്ത അവസ്ഥ ..അവരിലൊരാളെപ്പോലെ അവനും ആ ഡോർമെറ്ററിയിലേക്ക് നടന്ന് വന്നു..കയ്യിൽ ഒരു ബാഗുണ്ട്.. നീണ്ട് മെലിഞ്ഞ രൂപം.. ക്ളീൻ ഷേവ് ചെയ്ത മുഖം ..കട്ടിക്കണ്ണട ..തലേന്ന് S1/S2 ക്ലാസ്സിൽ കയറി വന്ന് ഞങ്ങളെ കബളിപ്പിച്ച് ഭയപ്പെടുത്തിയ ബിനോയ്ക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു ബാഗും ചെരുപ്പും ക്ളീൻ ഷേവ് ചെയ്ത മുഖവും ..

ഭയപ്പെട്ട ഞാൻ സഹായത്തിനായ് പോയത് റിയാസിൻറ്റെ അടുത്ത്..റിയാസ് പറഞ്ഞു, അവൻ സീനിയറല്ല, എന്റെ തന്നെ ക്‌ളാസ്സ്‌മേറ്റ് ആണെന്ന്..അല്പാൽമായി അവനും ഞാനും അൻവറും ഗ്രിഗറിയുമൊക്കെ ആ ഡോർമെറ്ററിയിലെ സഹോദരങ്ങളായി മാറുകയായിരുന്നു ..കുറച്ച് കാലത്തേക്കെങ്കിലും ..

എല്ലാം നോക്കിക്കാണുകയും, പുഞ്ചിരി മാത്രം മറുപടിയാക്കുകയും ചെയ്ത അവനെ ഞങ്ങൾ തിരിച്ചറിയുകയായിരുന്നു, പതുക്കെയെങ്കിലും ..ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപെട്ടവൻ, ഒരു സഹോദരി മാത്രം ഉള്ളവൻ, അറിയുംതോറും അവനെ ഞങ്ങൾ കൂടുതൽ കൂടുതൽ സ്നേഹിച്ചു ..ആദ്യ ട്രിപ്പ് ബാംഗ്ലൂർ-മൈസൂർ.. സഹപാഠികൾ സുഹൃത്തുക്കളും, സുഹൃത്തുക്കൾ ആത്മങ്ങളും ആയപ്പോൾ, അവനും അതിലൊരാത്മൻ ആയി..ഒരു പുഞ്ചിരി കൊണ്ട് മാത്രം, ഒരു പിടി വാക്കുകൾ കൊണ്ട് മാത്രം സാന്നിധ്യമറിയിച്ച ചെറുതും വലുതുമായ എത്രയോ യാത്രകൾ, എത്രയോ കൂടിച്ചേരലുകൾ  ..

അവസാനം..ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി ഓർമ്മകളുമായി ഒരു Farewell രാത്രി.. അസ്തമിക്കുന്ന സൂര്യനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന പോലെ ഒരു അവസാന പരശുറാം യാത്ര..അവിടെയും അവൻ വന്നു, വെളുപ്പിന് 3 മണിക്ക്.. ജീവിതത്തിലെ നഷ്ടനിറങ്ങളൊക്കെയും തിരികെപ്പിടിക്കാനുള്ള  ഒരു അവസാന വട്ട ശ്രമമെന്ന പോലെ, പച്ചയും മഞ്ഞയും മറ്റെന്തൊക്കെയോ നിറങ്ങളുമൊക്കെ  ചേർന്ന കുപ്പായവും ധരിച്ച് ..അവനു പോകേണ്ട ദൂരം ഒന്നര മണിക്കൂറിൻറെയാണെങ്കിൽ പോലും..

ഒടുവിൽ അവനിറങ്ങി..ഒരു പിടി ഓർമ്മകളും ഉത്തരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങളും ബാക്കിയാക്കി..

(അകാലത്തിൽ നമ്മെ പിരിഞ്ഞ ജയ് ഗോവിന്ദിന്റെ ഓർമ്മയ്ക്ക്..)

Rajan