നീണ്ട വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലാണ്. ഇരുപത് കൊ ല്ലങ്ങളായിരിക്കുന്നു കോളേജിൽ നിന്നും പുറത്തിറങ്ങിയിട്ട് . പരിപാടിയുടെ  സംഘാടകരായ ജോജിയും അനിതയും മികച്ച രീതിയിൽ തന്നെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . മനോഹരമായ പുൽമേടോടുകൂടിയ വില്ലകളുടെ ഒരു സമുച്ചയം. മീറ്റിംഗ്‌ഹോളും ഡൈനിങ്ങ് ഹോളും ഉണ്ട്. ഭംഗിയുള്ള ഒരു നീന്തൽക്കുളവും. തലേന്ന് പെയ്ത മഴയിൽ എല്ലാ സ്ഥലവും കഴുകി വൃത്തിയാക്കിയത് പോലെ തിളങ്ങി. സുഖകരമായ ഒരു തണുപ്പ്. ജോജി നേരത്തെതന്നെ എത്തി എല്ലാം ഒന്ന് കൂടി പരിശോധിച്ചു . ലഞ്ച് രണ്ടു മണിക്ക് വിളമ്പും. എല്ലാവരും എത്തുന്മ്പോൾ തന്നെ പതിനൊന്നു മണിയാകും. മീറ്റിംഗ് ഹോൾ അലങ്കരിച്ചിട്ടുണ്ട്. ഒരു കേക്കും റെഡിയാക്കിയിട്ടുണ്ട്. “ എന്നും എപ്പോഴും “ എന്ന ഗ്രൂപ്പ് സ്ലോഗൻ വൃത്തിയായി പ്രിൻറ് ചെയ്ത് ചുമരിൽ പതിച്ചിട്ടുണ്ട്. മെമെൻറ്റോ ആയി കൊടുക്കുവാനുള്ള കപ്പുകളും അടുക്കിവച്ചിട്ടുണ്ട്. ജോജിക്ക്‌ തൃപ്തി തോന്നി. അപ്പോഴേക്കും അനിതയും എത്തി. “ ഇതു നല്ല ഡിസൈൻ ആയിട്ടുണ്ട് , അനിതാ “  കപ്പു പരിശോധിച്ചു കൊണ്ടിരുന്ന ജോജി പറഞ്ഞു. അനിതയായിരുന്നു മെമെൻറ്റോ കപ്പുകളുടെ മേലുള്ള ചിത്രം ഡിസൈൻ ചെയ്തത്. കോളേജിൻറ്റെ ഗേറ്റിനു കുറുകെ “എന്നും എപ്പോഴും “ എന്ന ബാനർ വലിച്ചു കെട്ടിയിരിക്കുന്നതായുള്ള പല വർണ്ണത്തിലുള്ള ചിത്രം വളരെ ഭംഗിയുള്ളതായിരുന്നു. അനിതക്കു വളരെ സന്തോഷം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല. താങ്ക്സ് ജോജി എന്ന് മാത്രം പറഞ്ഞു.

            ലെഫ്റ്റ. കേണൽ രവിപ്രസാദ്‌ മീറ്റിംഗ് ഹാളിൽ എത്തിയപ്പോൾ പലരും അവിടെ ഉണ്ടായിരുന്നു. ആർപ്പ് വിളികളോടെയാണ് വരുന്ന ഓരോരുത്തരേയും സ്വീകരിച്ചിരുന്നത്. “എടാ രവീ , നീ ഇപ്പോൾ എവിടെയാണ്? “ രാജു ചോദിച്ചു. മിസ്റ്റർ രവിപ്രസാദ്‌, സാർ, സാബ്, എന്നീ വിളികൾ കേട്ടു തഴമ്പിച്ചിരുന്ന അയാൾക്ക്  “എടാ രവീ “ എന്ന് കേട്ടപ്പോൾ ഒരു സുഖം തോന്നി. പെട്ടെന്നു ചെറുപ്പമായതുപോലെ. വീണ്ടും പലരും എത്തിച്ചേർന്നതോടെ മീറ്റിംഗ് ഹാൾ ശബ്ദമുഖരിതമായി.  ചിരിയുടേയും വർത്തമാനങ്ങളുടേയും ശബ്‌ദം അവിടെ നിറഞ്ഞു.തങ്ങളുടെ കൂട്ടുകാരെ കണ്ടതുകൊണ്ടു മാത്രം എല്ലാവർക്കും സന്തോഷം തോന്നി. അവർ എന്ത് ചെയ്തു, എന്തു ചെയ്യുന്നു എന്ന് ആരും പരസ്പരം അന്വേഷിച്ചില്ല. അവരുടെ ജീവിതത്തിലെ വേദനകളും നിരാശകളും പൂർണ്ണമായും മറന്നു പോയി.തങ്ങളുടെ യൗവ്വനം കൈമോശം വന്നു പോയോ എന്നു ശങ്കിച്ച  സുന്ദരികളും അതിനെപ്പറ്റിയെല്ലാം മറന്നു പൊട്ടിച്ചിരിച്ചു. തമാശകളുടേയും ചിരികളുടേയും മാസ്മരികമായ ഒരു ചുഴി അവരെ പഴയ ക്ലാസ്റൂമിലേക്കെത്തിച്ചു.ഒരുമിച്ചുകൂടിയഈനിമിഷങ്ങൾ അവരിൽനിന്നും വർഷങ്ങളെ ഉരിഞ്ഞെറിഞ്ഞു. കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ആയി എല്ലാവരും മാറി. സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ഉത്സാഹം അവരിൽ തിരിച്ചുവന്നു.

            ആ നിമിഷങ്ങളിലാണ് ലെഫ്ടൻഡ് കേണൽ താൻ കോളേജിൽ വെച്ച് ആരാധിച്ചിരുന്ന കൃഷ്ണപ്രിയയെ കണ്ടത്. അവളുടെ വിടർന്ന കണ്ണുകൾക്കൊണ്ടുള്ള നോട്ടം ഒരു വെടിയുണ്ട പോലെ അയാളുടെ നെഞ്ചിലൂടെ കടന്നുപോയി. തൻ്റെ കസേരയിൽ മുറുക്കിപിടിച്ചുകൊണ്ടു അയാൾ ചിരിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ഇരുപതു വർഷവും രവി കൃഷ്ണപ്രിയയെക്കുറിച്ചു പലപ്പോഴും ആലോചിച്ചുകൊണ്ടേയിരുന്നു. അവളുടെ സുഖവിവരങ്ങൾ അറിയാൻ അയാൾക്കു വളരെ താല്പര്യമുണ്ടെങ്കിലും തൻ്റെ സുഹൃത്തുക്കളോടു ചോദിയ്ക്കാൻ അയാൾ മടിച്ചു. സുഹൃത്തുക്കൾ കൃഷ്ണപ്രിയയെ കളിയാക്കുമോ എന്നായിരുന്നു അയാളുടെ ഭയം. പണ്ട് കോളേജിൽ വച്ചു കൂട്ടുകാർ തൻ്റെ പേരുപറഞ്ഞു അവളെ കളിയാക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞത് അയാൾ ഒരിക്കലും മറന്നില്ല. അവൾ ഒരു വാക്കുകൊണ്ടു പോലും വേദനിക്കുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല.

            “….ഇതൊരു ഡിറ്റക്റ്റീവ് ത്രില്ലെർ ടെലിവിഷൻ സീരിയൽ ആണ് “ റാസി തുടർന്നു. “വർക്കല ബീച്ചിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ടു വർഷത്തോളം പഴക്കം തോന്നിക്കുന്ന ഒരു സ്ത്രീയുടെ തലയില്ലാത്ത അസ്ഥികൂടം. കൊച്ചിയിലെ ചതുപ്പിൽനിന്നും കണ്ടെടുത്ത രണ്ടു മാസം പഴക്കമുള്ള വേറൊരു സ്ത്രീയുടെ തലയില്ലാത്ത ജഡം. എന്നാൽ ഡി എൻ എ പരിശോധനയിൽ വലിയൊരു രഹസ്യം മറനീക്കുന്നു” . റാസി തൻ്റെ ശബ്ദം താഴ്ത്തി ശ്രോതാക്കളുടെ പ്രതികരണം കാത്തു. “എടാ നീ ഏതു ഡയറക്ട് ചെയ്യുന്നോ അതോ സ്ക്രിപ്റ്റ് എഴുതുന്നോ ?” എന്നായിരുന്നു അബ്രാമിന്റ്റെ  ചോദ്യം. “നീ ഇതു എത്രയും വേഗം പൂർത്തീകരിച്ചു കാണുവാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു”. അപർണ്ണ ചിരിച്ചുകൊണ്ട് പകുതി കളിയാക്കി പറഞ്ഞു.

            പലരും പല ഗ്രൂപ്പുകളായി പുൽമേടിലൂടെ നടക്കുകയും ഫോട്ടോക്കു പോസുചെയ്യുകയും ചെയ്തു. ചിലർ സ്വിമ്മിങ്‌പൂളിനടുത്തുചെന്നും ഫോട്ടോയെടുത്തു. ഈ ഫോട്ടോകളെല്ലാം വാട്സാപ്പിൽ പോസ്റ്റ് ചെയ്‌തു ഈ പരിപാടിക്കു വരാത്തവരെ കൊതിപ്പിച്ചു കണ്ണീരിലാഴ്ത്തുമെന്ന് ആൻ മരിയ  പറഞ്ഞു. അവൾ  ഉടനെ വാട്സാപ്പിലും ഫേസ്ബുക്കിലും ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. സന്തോഷം കൊണ്ട് വയറു നിറഞ്ഞതു കൊണ്ടാവാം ആരും ഭക്ഷണത്തെക്കുറിച്ചു ഓർത്തില്ല. ജോജി വീണ്ടും നിർബന്ധിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങിയെങ്കിലും സംസാരത്തിലായിരുന്നു കൂടുതൽ ശ്രദ്ധ.

            “അതേ …ഡി എൻ എ ടെസ്റ്റിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്. രണ്ടുകൊല്ലം മുമ്പത്തെ അസ്ഥികൂടത്തിൻ്റെ ഡി എൻ എ യും രണ്ടു മാസം മുൻപുള്ള അഴുകിയ ശവശരീരത്തിൻ്റെ ഡി എൻ എ യും ഒന്നാണ്. പോലീസിൻറെ അന്വേഷണം വഴിതെറ്റിക്കാനുള്ള കൊലപാതകികളുടെ ഹീനമായ തന്ത്രം. അതിൻ്റെ അന്വേഷണമാണ് ഈ സീരിയലിൻറ്റെ കാതൽ.”  …. റാസി തൻ്റെ നീണ്ട മുടിയിഴകൾ വിരലുകൊണ്ട് ചുരുട്ടി ആധികാരികമായി പറഞ്ഞു. നീണ്ട കുർത്തയും നരച്ച ജീൻസും മണിമാലകളും പല നിറത്തിലുള്ള റിസ്റ്റ് ബാൻഡും അണിഞ്ഞു അവൻ തനി അരാജകവാദിയായി മാറിയിരുന്നു.

സൈറ പാട്ടു പാടാൻ തുടങ്ങിയപ്പോൾ എല്ലാവരും നിശ്ശബ്ദരായി. കൊല്ലങ്ങൾ കഴിഞ്ഞിട്ടും അവളുടെ ശബ്ദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. കയ്യടിച്ചും കൂക്കിവിളിച്ചും എല്ലാവരും അവളെ വീണ്ടും വീണ്ടും പാടാൻ നിർബന്ധിച്ചു. തുടർന്ന് നിമ്മിയും നല്ല രീതിയിൽ പാടി. ഇതിൽനിന്നും പ്രചോദനം കൊണ്ട ശശിയും പാടാൻ തുടങ്ങിയെങ്കിലും ശ്രോതാക്കളുടെ സ്‌നേഹപൂർണമായ ‘ഭീഷണിക്കു’ വഴങ്ങി പാടേണ്ട എന്നു തീരുമാനിച്ചു എല്ലാവരേയും രക്ഷപ്പെടുത്തി.

“എന്താടാ നീ കല്യാണം കഴിക്കാത്തത് ?” പ്രശാന്ത് രവിയോട് ചോദിച്ചു. “അതിന് അവൻ ആദ്യം കൃഷ്ണപ്രിയയെ മനസ്സിൽ നിന്നും കളയണം “. രാജു കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു. “നീ എന്താണീ പറയുന്നത്”. ലജ്ജകൊണ്ടു രവിയുടെ മുഖം ചുവന്നു. രാജു  പറഞ്ഞത് കൃഷ്ണപ്രിയയെങ്ങാനും കേട്ടിരിക്കുമോ എന്ന് അയാൾ ശങ്കിച്ചു.  അമ്മയ്ക്കു ക്യാൻസർ  വന്നു ദീർഘകാലം ചികിത്സയിലായിരുന്നു.  അപ്പോഴൊന്നും രവിക്ക് വിവാഹത്തിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അമ്മ മരിച്ചു അധികം താമസിയാതെ അച്ഛൻ രണ്ടാമതും കല്യാണം കഴിച്ചതോടുകൂടി അയാൾ വീട്ടിൽ പോകാതെയായി. ആരും കല്യാണത്തിന് നിർബന്ധിക്കാത്തതിനാൽ അയാളും അക്കാര്യം വിട്ടുകളഞ്ഞു. അതിർത്തികളിലും പ്രശ്നപ്രദേശങ്ങളിലും സേവനം അനുഷ്ഠിച്ച അയാൾക്കു ഭാര്യ എന്നത് ഒരു ബാധ്യതയായി തോന്നി. പക്ഷെ കാലം കടന്നുപോയപ്പോൾ അയാൾക്കു ഒരുതരം ഒറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

രമ്യ നൃത്തം തുടങ്ങി. കുറച്ചു വൈകിയിട്ടാണെങ്കിലും അവൾ തൻ്റെ ‘പാഷൻ’ കണ്ടെത്തിക്കഴിഞ്ഞിരുന്നു. നൃത്തം ഒരു ഗുരുവിൻടെ കീഴിൽ പഠിക്കുകയും പല സ്റ്റേജുകളിലും അവതരിപ്പിക്കുകയും ചെയ്തു രമ്യ ഇതിനകം കുറച്ചു അറിയപ്പെടുന്ന കലാകാരിയായി മാറി. മൃദുലമായ ചുവടുകൾ, ലാസ്യമായ ചലനങ്ങൾ , സുന്ദരമായ മുഖഭാവങ്ങൾ ; രമ്യ ഒരു മോഹിനിയായി നിറഞ്ഞാടി. നൃത്തം അവസാനിച്ചപ്പോൾ എല്ലാവരും അവളെ അഭിനന്ദിച്ചു.

അപ്പോഴാണ് കൃഷ്ണപ്രിയ രവിപ്രസാദിൻറ്റെ അടുത്തേക്കു വന്നത്. “സുഖമാണോ”? അവൾ രവിയെ നോക്കിക്കൊണ്ടു ചോദിച്ചു. നീണ്ട ഇരുപത് വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് രവി അവളെ കാണുന്നത്. കൃഷ്ണപ്രിയക്ക് സൗന്ദര്യം വർദ്ധിച്ചതുപോലെ അയാൾക്ക് തോന്നി. പക്ഷെ അവളുടെ കണ്ണുകളിലെ ഏകാന്തഭാവം കൂടുതൽ അഗാധമായിരിക്കുന്നു. മനോഹരമായ പുഞ്ചിരിയിൽ പണ്ടും ഒളിപ്പിച്ചു വെച്ചിരുന്ന വേദനയുടെ ചാലുകൾ കൂടുതൽ പ്രകടമായിരിക്കുന്നു. ഇവൾക്കു എന്തുപറ്റി ? അയാൾക്ക് ആകെ വേദനയും നിരാശയും തോന്നി. അപകടം പിടിച്ച ദൗത്യങ്ങളിൽ, ഇരുട്ടും വെടിയുണ്ടകളും മരണവും കെട്ടുപിണയുന്ന ഏറ്റുമുട്ടലുകളിൽ ; കൃഷ്ണപ്രിയയും കുടുംബവും ദൂരെ ഒരിടത്തു സന്തോഷത്തോടെ ജീവിക്കുന്നു എന്ന വിശ്വാസമാണ് ; ഉദ്വേഗത്താൽ വലിഞ്ഞു മുറുകിയ രവിപ്രസാദിൻറ്റെ ഞരമ്പുകൾക്ക് എല്ലായ്പ്പോഴും ആശ്വാസം പകർന്നിരുന്നത്. തനിക്കു തെറ്റിപ്പോയോ എന്നയാൾ സംശയിച്ചു. “സുഖമില്ലേ കൃഷ്ണപ്രിയ”? രവി ചോദിച്ചു. “അമ്മക്ക് സുഖമില്ലാത്തതിനാൽ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടാവാം ഒരു ചെറിയ തലവേദന”. രവിക്ക് അത് വിശ്വസിക്കാൻ തോന്നിയില്ല. നീണ്ട കാലത്തെ ഒരു  സങ്കൽപ്പം നഷ്ടപ്പെട്ട അയാൾ ആകെ തകർന്നവനായി. “സത്യം, എനിക്കു സുഖമാണ്. രവി സന്തോഷമായിട്ടിരിക്കൂ”. കൃഷ്ണപ്രിയ ഒരു ചെറുപുഞ്ചിരിയോടുകൂടി വീണ്ടും പറഞ്ഞു.

എല്ലാവരും ചേർന്ന് കസേരകൾ വട്ടത്തിലിട്ട് സംസാരിക്കാനും തമാശകൾ പറയാനും പാടാനും തുടങ്ങി. പല നിറത്തിലുള്ള തൻ്റെ റിസ്റ്റ് ബാൻഡ് LGBT – യിൽ ചേർന്നപ്പോൾ കിട്ടിയതാണെന്നും താൻ ഇപ്പോൾ ഒരു ‘ഗേ’ അഥവാ ‘പ്രകൃതിവിരോധി’ ആണെന്നും റാസി പ്രസ്താവിച്ചു. റാസിയുടെ നിറം പിടിപ്പിച്ച ഭാവനകൾ സത്യമാണെന്നും വിചിത്രമായ സത്യങ്ങൾ ഭാവനയാണെന്നും ആളുകൾ തെറ്റിദ്ധരിക്കുന്നതായിരുന്നു അയാളുടെ ദുര്യോഗം. റാസി പറയുന്നതൊന്നും ആരും ഇപ്പോഴും വിലക്കെടുത്തില്ല. അതിനിടയ്ക്ക് രാഹുൽ തൻ്റെ മുഴക്കമുള്ള ശബ്ദത്തിൽ പാടാൻ തുടങ്ങിയിരുന്നു. “….വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിനിരുപുറം നാം” എന്ന വരി കേട്ടപ്പോൾ അത് തന്നെക്കുറിച്ചു എഴുതിയതാണെന്ന് രവിക്ക് അനുഭവപ്പെട്ടു. താൻ ശരിക്കും ഒരു അനാഥനാണെന്നും അയാൾക്ക് തോന്നി. എത്രയും കാലം താൻ ചേർത്തുപിടിച്ചിരുന്ന സ്വപ്നം പോലും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.

പെട്ടെന്ന് എല്ലാവരും അയാൾക്കു ചുറ്റും ചേർന്നു നിൽക്കാനും ഫോട്ടോയെടുക്കാനും തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും തോളിൽ കൈയിട്ടും കെട്ടിപ്പിടിച്ചും പലതരത്തിലുള്ള ചിത്രങ്ങൾ  അവർ എടുത്തു കൊണ്ടിരുന്നു. രവിയെ “കേളൻ സാബ്” എന്ന് കളിയാക്കികൊണ്ടു സാഹസിക ഏറ്റുമുട്ടൽ കഥകൾ പറയാൻ നിർബന്ധിച്ചു. എന്നാൽ ‘ഉണ്ടയില്ലാവെടി’  പൊട്ടിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സംസാരിച്ചും ചിരിച്ചും അവരെല്ലാം രവിയുടെ കൂടെയിരുന്നു. അയാളും  പൊട്ടിചിരിച്ചുകൊണ്ട് അവരുടെ കൂടെ കൂടി. ഇതു തൻ്റെ കുടുംബം തന്നെയാണെന്നു   അയാൾക്ക്‌ അനുഭവപ്പെട്ടു.

തനിക്കു ഒരു സ്ക്രിപ്റ്റ് വായന ഉണ്ടെന്നു പറഞ്ഞു റാസി യാത്ര ചോദിച്ചു തുടങ്ങി. കെട്ടിപ്പിടിച്ചും കൈവീശിയുമാണ് അവൻ  യാത്ര പറയുന്നത്.

“രവീ, എനിക്ക് നിന്നെ തീർച്ചയായും വീണ്ടും കാണണം “. റാസി അയാളെ മുറുക്കെ കെട്ടിപ്പിടിച്ചു ഷേവ് ചെയ്തു മിനുക്കിയ കവിളിൽ അമർത്തിച്ചുംബിച്ചു കൊണ്ട് പറഞ്ഞു. അത് ഒരു കനലെന്ന പോലെ അയാളെ പൊള്ളിച്ചു.

മുഖമുയർത്തിയപ്പോൾ സ്നേഹത്തോടെയും വാത്സല്യത്തോടെയും തന്നെ നോക്കി പുഞ്ചിരിക്കുന്ന കൃഷ്ണപ്രിയയെ അയാൾ കണ്ടു. മറ്റുള്ളവരും അവരെ കൗതുകത്തോടെ നോക്കുകയും പുഞ്ചിരിക്കുകയും  ചെയ്യുന്നുണ്ടായിരുന്നു. തെളിമയാർന്ന സ്നേഹത്തിൻറ്റെ മൃദുലമായ ഒരു പുതപ്പ് അവരെയെല്ലാം പൊതിഞ്ഞു. കൃഷ്ണപ്രിയയും മറ്റെല്ലാവരും, തന്നെ ഹൃദയപൂർവ്വം സ്നേഹിക്കുന്നതായി രവിപ്രസാദ്‌ തിരിച്ചറിഞ്ഞു. മുൻവിധികളൊന്നുമില്ലാത്ത, തിരിച്ചൊന്നും ആവശ്യപ്പെടാത്ത നിഷ്‌കളങ്കമായ സ്നേഹവും സൗഹൃദവും. ആ തിരിച്ചറിവ് ഒരു കരച്ചിലായി അയാളുടെ തൊണ്ടയിൽ തടഞ്ഞു. തൻ്റെ നിറഞ്ഞ കണ്ണുകൾ മുറുക്കിയടച്ചു, റാസിയെ കെട്ടിപ്പുണർന്ന് ഇടറുന്ന ശബ്ദത്തിൽ രവി പറഞ്ഞു “ഞാൻ നിങ്ങളെയെല്ലാവരേയും, ഓരോരുത്തരേയും വളരെ വളരെ സ്നേഹിക്കുന്നു. എന്നും …..എപ്പോഴും”.

ഹമീദ്