25 വർഷം പിന്നോട്ടൊരു യാത്ര. ആദ്യമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത് മുതൽ തുടങ്ങുന്നു എന്റെ കാസർഗോഡ് ഓർമ്മകൾ. എഞ്ചിനീയറിംഗിന്ന് അഡ്മിഷൻ കിട്ടിയത് കേരളത്തിന്റ വടക്കേ അറ്റത്തു 10 മണിക്കൂർ യാത്ര പോകേണ്ട സ്ഥലം ആണെന്നറിഞ്ഞപ്പോഴേ അമ്മയും ബന്ധുക്കളും എതിർത്തു. പക്ഷെ എന്റെ ചിരകാലസ്വപ്നം പൂവണിയുന്നതിനു അച്ഛൻ മാത്രം കട്ടക്ക് കൂടെ നിന്നു. അങ്ങനെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടൽ മുറിയിലേക്ക് പോയി. അവിടെ അഡ്മിഷന് വന്നിരുന്ന കുട്ടികളുടെയും വീട്ടുകാരുടെയും പൂര തിരക്കായിരുന്നു. എല്ലാവരെയും പരിചയപ്പെട്ടു. പിന്നീട് കോളേജിലേക്കും അവിടെ നിന്ന് ഹോസ്റ്റലിലേക്കും എത്തിച്ചേർന്നു. ആദ്യമായി വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെയും പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേരുന്നതിന്റെയും വേദനയുമായി കുറച്ചു ദിവസങ്ങൾ. പിന്നീട് റാഗിങ്ങ് എന്ന ഭീതിയിൽ കഴിഞ്ഞിരുന്നു ഏകദേശം 6 മാസക്കാലം. കോളേജ്, ഹോസ്റ്റൽ അല്ലാതെ പുറത്തൊന്നും പോകാൻ അനുവാദം ഇല്ലായിരുന്നു. റാഗിങ്ങ് കാരണം അനുഭവിച്ച മാനസിക വ്യഥകൾക്കു കണക്കില്ല. ഹോസ്റ്റലിലും കോളേജിലും എങ്ങോട്ടു തിരിഞ്ഞാലും ഓടിയടുക്കുന്ന seniors. നമ്മൾ വേദനിക്കുമ്പോൾ അവർക്കെന്തോ നിർവൃതി . പക്ഷെ ആ ഒരു ചടങ്ങു കഴിയുന്നതോടെ നമ്മൾ മറ്റൊരാൾ ആയിട്ടുണ്ടാകും. പല കുറവുകൾ ഉണ്ടെങ്കിലും എന്തും നേരിടാനുള്ള മനോധൈര്യമാണ് റാഗിങ്ങിൽ നിന്നുകിട്ടുന്ന ഏറ്റവും വലിയ ഗുണം. പിന്നീട് റാഗ് ചെയ്തവരെല്ലാം നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാർ ആകുന്നതോടെ എല്ലാം ശുഭം. ആ അവസരത്തിൽ മറ്റാരും ഇല്ലാത്തതിനാൽ കൂട്ടുകാരായിരുന്നു ലോകം. 2 ആം വർഷം ആയപ്പോഴേക്കും എല്ലാത്തിനും സ്വാതന്ത്ര്യം ആയി.
കാസർകോഡിന്റെ മധുരിക്കുന്ന ഓർമ്മകൾ തുടങ്ങുന്നത് തന്നെ 1st ഇയറിൽ എല്ലാവരും ഒന്നിച്ചു കണ്ട “ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ എന്ന സിനിമയിൽ ആണ്. പിന്നീടങ്ങോട്ട് കാഞ്ഞങ്ങാട് മുതൽ കാസർഗോഡ് വരെയുള്ള ഓരോ മൺതരിയും നമുക്ക് സ്വന്തം. പോകാത്ത സ്ഥലങ്ങളില്ല. തീയേറ്ററുകൾ, അമ്പലങ്ങൾ, പള്ളികൾ, ice ക്രീം പാർലറുകൾ, ബേക്കൽ ഫോർട്ട്, ചന്ദ്രഗിരി പുഴ, മധുർ temple തുടങ്ങിയ വിസ്മയങ്ങൾ എന്നുവേണ്ട എല്ലായിടവും ശരിക്കും ആസ്വദിച്ചു. ശനി ഞായർ ദിവസങ്ങൾ ഹോസ്റ്റലിൽ ഉൽസ്സവമായിരുന്നു.സ്റ്റഡി ലീവ് കാലത്തേ രാത്രി പകലക്കിയുള്ള combine study. പാട്ടും ഡാൻസും പാതിരാത്രിയിലുള്ള പിറന്നാളാഘോഷങ്ങളും അന്താക്ഷരിയും ഒച്ചയും ഓളിയും ചീട്ടുകളിയും ഒക്കെയായി 4 വർഷത്തെ ഹോസ്റ്റൽ ജീവിതം. അങ്ങനെ എത്ര മരിക്കാത്ത ഓർമ്മകൾ. ഇന്നും ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ whatsapp കൂട്ടായ്മയിലെ ചർച്ചാ വിഷയം. പലരും ലോകത്തിന്റെ വിവിധ കോണിൽ ആണെങ്കിലും കഴിയും പോലെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നതും ആ ബന്ധങ്ങളുടെ ഊഷ്മളത കാരണമാണ്.
കാസർഗോഡ് ഉള്ള ആൾക്കാരുടെ സ്നേഹം, അവിടുത്തെ ഭക്ഷണത്തിന്റെ സ്വാദ് അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. ആദ്യമൊക്ക ഭാഷ വലിയ പ്രശ്‍നം തന്നെയായിരുന്നു. പിന്നീടത് ശീലമായി. ഓട്ടോറിക്ഷ ക്കാരും കടക്കാരും അടക്കം എല്ലാവരും എന്ത് സ്നേഹത്തോടെ ആണ് പെരുമാറുന്നത്. കൂടെ ക്ലാസ്സിൽ പഠിക്കുന്ന സുഹൃത്തിനു തന്നെ അവിടെ തീയറ്റർ ഉണ്ടായിരുന്നത് കൊണ്ട് ആ കാലഘട്ടത്തിൽ ഇറങ്ങിയ മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ കാണാത്തതു വിരളം. കല്യാണമൊക്ക കാണണമെങ്കിൽ കാസർഗോഡ് തന്നെ പോണം. ഹിന്ദി സിനിമയിലേതു പോലെ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന കല്യാണാഘോഷങ്ങൾ. പ്രിയപ്പെട്ട കൂട്ടുകാരുടെ കല്യാണത്തിനും പങ്കെടുക്കാൻ കഴിഞ്ഞു. ഞങ്ങൾ അവിടെ തിമിർത്തു നടന്നു. മധുരിക്കുന്ന ഓർമ്മകൾ അല്ലാതെ ഒന്നുമില്ല. 4 കൊല്ലം കടന്നു പോയതറിഞ്ഞില്ല. പിരിഞ്ഞു പോരുമ്പോൾ അനുഭവിച്ച മാനസിക സംഘർഷം തേങ്ങലുകളായും പൊട്ടിക്കരച്ചിലുകളായും പുറത്തു വന്നിരുന്നു. ഇനിയും ഇനിയും കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം എന്നും കാസർകോടിന് തന്നെ. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ സുവർണ കാലമെന്ന് നിസംശയം പറയാവുന്ന ആ കാലത്തിലേക്കു ഒന്നെത്തി നോക്കാൻ ഒരു ശ്രമം നടത്തിയതാണ്. എഴുതിയാലും തീരാത്ത അത്ര ഇനിയുമുണ്ട്. ഓർമ്മകൾ അവസാനിക്കുന്നേ ഇല്ല……
Preetha KG