അതത്ര വലിയ ആനകാര്യമൊന്നുമല്ലടെയ് …
ഉറപ്പാണോ? ഇങ്ങക്ക് സഹായിക്കാൻ പറ്റുമോ ?
പിന്നെന്താ …
കഴിഞ്ഞ ആഴ്ച കോഴിക്കോട് നിന്നും പയ്യന്നൂരിലേക്കു പോകുമ്പോൾ വഴിയരികിൽ കണ്ട ഒരു പരസ്യ ബോർഡാണ് ഈ സംഭാഷണം ഓർത്തെടുക്കാൻ കാരണം.സാധാരണ ഇപ്പോൾ തടി കുറക്കാനുള്ള പരസ്യ ബോർഡുകളാണ് കാണാറ് . “From Fat Belly to Flat Belly ” എന്നൊക്കെ.പക്ഷെ ഇത് നേരെ തിരിച്ചായിരുന്നു . “നിങ്ങളുടെ മെല്ലിച്ച ശരീരത്തിൽ നിങ്ങള്ക്കു ഉൽക്കണ്ഠയുണ്ടോ ? ഞങ്ങളെ സമീപിക്കൂ” എന്നായിരുന്നു പരസ്യം . ഒരു പൈങ്കിളി പരസ്യം
ഹൈസ്കൂളിൽ പഠിക്കുന്ന സമയമാണെന്ന് തോനുന്നു , അവനു ഈ ആഗ്രഹം കലശലായി തുടങ്ങിയത് . എങ്ങനെയെങ്കിലും തടി വെക്കണം.
അവന്റെ വീടിനടുത്തു ഒരു ഗര്ലസ് ( girls ) ഹൈസ്കൂൾ ഉണ്ടായിരുന്നു . എല്ലാ ദിവസവും അഞ്ചര കഴിഞ്ഞാൽ നീല പാവാടയും വെള്ള ഷർട്ടും ഇട്ടു ഹൈസ്കൂൾ പിള്ളേർ വരി വരിയായി റോഡിലൂടെ വരും. പുറകിൽ കുറെ വായ് നോക്കികളും . പുറകിൽ നടക്കുന്നത് കുറച്ചിലായിരുന്നതിനാൽ അവനും അവന്റെ ചെങ്ങായിമാരും അവന്റെ വീടിന്റെ മതിലിൽ കയറി ഇരിക്കും . എല്ലാവന്മാരും കുളിച്ചു ഒരു കുറിയൊക്കെ തൊട്ടു ( ശെരിക്കും കുറി നിർബന്ധമായിരുന്നു ) മുണ്ടൊക്കെ ഉടുത്താണ് ഇരുപ്പു.കറക്റ്റ് അഞ്ചരക്ക് എല്ലാവരും അവിടെയെത്തും. അഞ്ചര തൊട്ടുള്ള ഇരുപതു മിനിറ്റ് വളരെ ക്രിട്ടിക്കൽ ആണു. ഒരു മിനിറ്റ് വൈകിയാൽ ചിലപ്പോൾ അവർ വെയിറ്റ് ചെയ്തിരിക്കുന്ന ആളെ കാണാൻ പറ്റിയെന്നു വരില്ല . അവർ ആ ഇരുപ്പു കുറെ ഇരുന്നു. മുണ്ടു തയഞ്ഞു കീറി എന്നല്ലാതെ വേറെ വലിയ ഗുണമൊന്നുമുണ്ടായില്ല. അവൻ അന്ന് മെലിഞ്ഞു ഒരു നരുന്തു പോലെയായിരുന്നു . ചിലപ്പോൾ അപ്പോൾ ഉണ്ടായ വെളിപാടായിരിക്കാവും ഒന്ന് തടിച്ചാൽ ചിലപ്പോൾ വല്ല രക്ഷയും ഉണ്ടാകുമെന്നു . അന്ന് തുടങ്ങിയതാ അവന്റെ തടി വെക്കാനുള്ള ശ്രെമം.
പല വിദ്യകളും അവന്റെ ചെങ്ങായി അവനോടു പറഞ്ഞു കൊടുത്തു .
തൈരും പച്ചമുളകുമിട്ട തലേന്നത്തെ കഞ്ഞി ദിവസവും രാവിലെ കഴിക്കുക , മുരിങ്ങ സൂപ്പ് കഴിക്കുക എന്നങ്ങനെ പലതും . ഒരു മാസത്തോളും പലതും ട്രൈ ചെയ്തു. നോ രക്ഷ . ജ്യോതിയും വന്നില്ല തടിയും വന്നില്ല .
ചുരുക്കി പറഞ്ഞാൽ , മുണ്ടു പിന്നെയും തയഞ്ഞതല്ലാതെ വേറെ ഒരു പരിപാടിയും നടന്നില്ല .
ചെലോർക്കു നടക്കും , ചെലോർക്കു നടക്കില്ല , അവനതു നടന്നില്ല എന്ന് ആശ്വസിച്ചു ആ കാലവും കടന്നു പോയി.
ഒരഞ്ചു കൊല്ലം ഫാസ്റ്റ് ഫോർവേഡ് …
തട്ടീം മുട്ടീം , എങ്ങനെയൊക്കെയോ അവൻ ഒരു എഞ്ചിനീയറിംഗ് കോളേജിൽ കയറി പറ്റി. പാമ്പു കടിച്ചവന്റെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെ തടിയില്ലായ്മ അവനെ കോളേജിലും പോക്ക്( poke ) ചെയ്തു കൊണ്ടിരുന്നു .
ഒരിക്കൽ കോളേജ് ബസിൽ വെച്ച് ഒരു പെണ്ണ് തൃശൂർ സ്ലാങ്ങിൽ , ഘടിയെ , നിനക്ക് വല്ല മരുത്വ പഞ്ചജീരക രയസനവും ട്രൈ ചെയ്തു നോക്കി കൂടെ എന്ന് ചോദിച്ചപ്പോൾ , മനസ്സിൽ “എടി പിശാചേ ” എന്ന് തോന്നുന്നതിനു പകരം “ഇത് കൊള്ളാമല്ലോ , നല്ല ഐഡിയ ” എന്ന് തോന്നിപ്പിച്ചത് അവനു നല്ല മനസുള്ളത് കൊണ്ടൊന്നുമ്മലായിരുന്നു. പകരം എങ്ങനെയെങ്കിലും തടിക്കുക എന്നുള്ള അവന്റെ ഒടുക്കത്തെ ആഗ്രഹം കൊണ്ടായിരുന്നു. ആ “പിശാചിന്റെ ” കയ്യിൽ നിന്ന് പിന്നീട് കടം വാങ്ങി ആ രസായനം തന്നെ കഴിച്ചു ആ പബ്ലിക് ഇൻസൽട്ടിനവൻ പകരം വീട്ടുകയും ചെയ്തു എന്നുള്ളത് ഹിസ്റ്ററി .
എന്തായാലും അവൻ നെവർ ഘേവപ്. ബിയർ കുടിച്ചാൽ തടിക്കാൻ പറ്റുമെന്നാരോ അതിനിടയിൽ അവനെ അഡ്വൈസ് ചെയ്തു. എന്നാൽ പിന്നെ അത് ചെയ്തിട്ട് തന്നെ കാര്യം. നനഞ്ഞിറങ്ങിയവന് കുളിച്ചിറങ്ങാനാണോ പ്രയാസം ? ഇതേ ഗോൾ ഉള്ള ഒരു ചെങ്ങായിയെയും അവനു കിട്ടി .
സൊ, പ്ലാൻ ഈസ് സിമ്പിൾ , എവെരി വീക്ക് , ഗോ ടു ചാണക്യ ബാർ , ഡ്രിങ്ക് ബിയർ ആൻഡ് ഗെറ്റ് FAT . ഒരു പ്രെശ്നം മാത്രം . മണി!!! ബസ് ടിക്കറ്റ് മണി + ബിയർ മണി + സ്നാക്ക് മണി എല്ലാ ആശ്ച്ചയിലും വേണം . ഒരു പ്രധാനപ്പെട്ട മണി ഇതിനിടെയിൽ വിട്ടു പോയി . അത് ഞങ്ങളെ പിന്നീടൊരു ചേട്ടൻ ഓര്മിപ്പിക്കുകയുമുണ്ടായി .
ഫസ്റ്റ് വീക്ക് – എങ്ങനെയെക്കെയോ മുകളിൽ പറഞ്ഞ മണി ഉണ്ടാക്കി ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി . അതാ ഒരു കറുത്ത പൂച്ച ഞങ്ങൾക്ക് കുറുകെ വരുന്നു. ഈശ്വര ചതിച്ചോ എന്ന് വിചാരിച്ചു. പൂച്ച കുറുകെ ചാടാതെ ഞങ്ങൾ പോകാൻ വേണ്ടി വെയിറ്റ് ചെയ്തു . സൂപ്പർ . ഇത്തവണ ഞങ്ങൾ തടിക്കുക തന്നെ ചെയ്യും എന്ന് വിചാരിച്ചു ഞങ്ങൾ ബസ് കയറി .
നെക്സ്റ്റ് സീൻ – ചാണക്യ ബാർ . ടേബിളിന്റെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾ മണി എണ്ണി. പെർഫെക്റ്റ് . ടു ബീർസ് ആൻഡ് വൺ ഗ്രീൻ പീസ് മസാല + റിട്ടേൺ ബസ് ടിക്കറ്റിനുള്ള മണി ഉണ്ട്. എക്സ്ട്രാ ഫൈവ് റുപ്പീസ് ടൂ. ഞങ്ങൾ ഹാപ്പി. ബിയറും ഗ്രീൻ പീസും ഓർഡർ ചെയ്തു . കയ്യിലെ മസിലൊക്കെ ഇടയ്ക്കു നോക്കി ഞങ്ങളാ ബിയർ കഴിച്ചു .വെരി ഹാപ്പി .
വെയ്റ്റർ ബില്ല് കൊണ്ട് വന്നു ആൻഡ് വീ പൈഡ് ദി മണി . വെയ്റ്റർ പോകുന്നില്ല . പുള്ളി കൈ കൊണ്ടെന്തോക്കെയോ ആംഗ്യം കാണിക്കുന്നുണ്ട് . പിടി കിട്ടി . ടിപ്സ് !!! മനസ്സിൽ ഒരു ഒരു ബോംബ് പൊട്ടി . കൈയിലുള്ള എക്സ്ട്രാ അഞ്ചു രൂപ ഞങ്ങൾ മെല്ലനെ ആ പ്ലേറ്റിലിട്ടു തിരിഞ്ഞു നോക്കാതെ നടന്നു . മുൻപ് പറഞ്ഞില്ലേ , ഒരു ചേട്ടനെ പറ്റി. മണി കണക്കു കൂടിയപ്പോൾ എന്തോ ഒന്ന് മറന്നത് ഓർമിപ്പിച്ച ചേട്ടൻ . അതീ ചേട്ടനായിരുന്നു .
തിരിഞ്ഞു നോക്കാതെ നടന്നപ്പോൾ പുറകിൽ നിന്ന് ചേട്ടൻ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു …”മക്കളേ , ഇനിയും ഇങ്ങോട്ടു തന്നെ വരുമല്ലോ എന്ന് ” . പോയില്ല … അടുത്ത ആറു മാസത്തോളും നോ ലുക്കിങ് ബാക്ക്.
എന്തായാലും ഞങ്ങൾ രണ്ടു പേരും തടിച്ചു . അടുത്ത ഫൈവ് യേർസിനുള്ളിൽ തന്നെ .
ബേസിക്കലി – തടിക്കാനുള്ള മരുന്ന് ഈസ് എ സിമ്പിൾ ഫോർമുല :
തടി =ഫുഡ് ഇൻ ടേക്ക് + മടി. എന്ന് വെച്ചാൽ , നല്ല വണ്ണം മേലനങ്ങാതെ ഫുഡ് കഴിക്കുക . ഓട്ടോമാറ്റിക്കായി തടി വെക്കും !!!
തദോസ്തു !!!
Vimal P.C.