നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ഒരു നിമിഷം ഞാനെന്റെ ആദ്യത്തെ സ്റ്റേജ്  പെർഫോമൻസ് ഓർത്തെടുക്കുകയായിരുന്നു….
നഴ്‌സറിയിലെ സ്‌കൂൾ വാർഷികം. ടീച്ചർ ആവശ്യപ്പെട്ടത് പ്രകാരം അമ്മ ഒരു ദിവസം സ്‌കൂളിൽ എത്തി. ടീച്ചർ പരാതിക്കെട്ടഴിച്ചു. “ഞങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി ഈ കുട്ടിയെക്കൊണ്ടൊരു ഡാൻസ് കളിപ്പിക്കാൻ. നോ രക്ഷ! ഇനി അമ്മയെക്കൊണ്ടു പറ്റുമോ എന്നറിയാൻ വിളിപ്പിച്ചതാ…”. എന്റെ യഥാർത്ഥ സ്വഭാവം അറിയാവുന്നതുകൊണ്ട് അമ്മ ഭാരിച്ച ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കാൻ പോയില്ല. “എന്നാൽ ഇവളെക്കൊണ്ടൊരു കഥ പറയിച്ചാലോ?”

അങ്ങനെ, മുന്തിരി കട്ടുതിന്ന കൊച്ചു വാസ്യയുടെ കഥ പഠിപ്പിക്കാൻ അമ്മ ശ്രമം തുടങ്ങി. എന്നും അച്ഛൻ പറഞ്ഞു തരുന്ന കഥ കേട്ടുറങ്ങുന്ന എനിക്ക്‌ കഥ പ്രത്യേകിച്ച് പഠിക്കേണ്ട കാര്യമുണ്ടോ?!! ഓരോ വാചകവും പഠിപ്പിക്കുമ്പോൾ ഇതൊക്കെ എനിക്ക് അറിയാം എന്നുപറഞ്ഞ് കുസൃതി കാണിച്ചിരിക്കുന്ന ആ മൂന്നു വയസുകാരി അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ കയറി…. മുന്നിലെ മൈക്കിലേക്ക്‌ നോക്കി തുടങ്ങി: “ഞാനൊരു കഥ പറയാൻ പോവുകയാണ് കൂട്ടരേ… ഏതു കഥയാണെന്നറിയാമോ? മുയലിനെ പറ്റിച്ച ആമയുടേതല്ല! മുന്തിരി പുളിക്കുമെന്നു പറഞ്ഞ കുറുക്കന്റേതുമല്ല!! പിന്നെയോ…??” കാണികൾക്ക് രസം പിടിച്ചു എന്നെനിക്കു തോന്നി. ആദ്യത്തെ കുറച്ചു വാചകങ്ങൾ അനർഗ നിർഗളം പ്രവഹിച്ചു. പിന്നെയാണ് സംഗതി കീഴ്മേൽ മറിഞ്ഞത്. കഥയൊക്കെ അറിയാം. പക്ഷേ, എങ്ങനെ പറയണമെന്നറിയില്ല. ഒരു രക്ഷയുമില്ലാതായപ്പോൾ തിരിഞ്ഞു നിന്ന്‌ ദയനീയമായി ടീച്ചറെ നോക്കി. ഭാഗ്യം! അമ്മ കഥ മുഴുവൻ എഴുതി ടീച്ചറെ ഏല്പിച്ചിരുന്നു, (കൊക്കെത്ര കുളം കണ്ടതാ!!). അതുനോക്കി ടീച്ചർ അടുത്ത വരിയുടെ തുടക്കം പറഞ്ഞു തന്നു. ഇത്രയല്ലേ ഉള്ളൂ? ബാക്കി എനിക്കറിയാം… പക്ഷേ, അതിനടുത്ത വരിയുടെ തുടക്കം കിട്ടണമെങ്കിൽ ടീച്ചർ വീണ്ടും കനിയണം! എന്തിനധികം പറയുന്നു? ആ കഥ മുഴുവൻ ഞാനും ടീച്ചറും കൂടെ അങ്ങു പറഞ്ഞു തീർത്തു. ടീച്ചർ വശം കെട്ടു! അമ്മ നാണംകെട്ടു!! സദസ്സിൽ ചിരി പടർന്നു. എന്നിരുന്നാലും, കരഘോഷങ്ങളുടെ അകമ്പടിയോടെ തന്നെ സദസ്യർ എന്നെ സ്റ്റേജിൽ നിന്നിറക്കി.

എല്ലാ കലാപരിപാടികളും കഴിഞ്ഞു വീട്ടിലെത്തിയിട്ടും എന്റെ മുഖം തെളിയുന്നില്ല! മകളുടെ പ്രകടനം നേരിട്ടു കണ്ട അച്ഛനും അമ്മയ്ക്കും, കാര്യങ്ങളൊക്കെ അവരിൽനിന്നും കേട്ടറിഞ്ഞ വീട്ടുകാർക്കും അത്ഭുതമൊന്നും തോന്നിയില്ല. അച്ഛൻ അപ്പുറത്തിരുന്നു ഉറക്കെ പറഞ്ഞു…” മൂത്തവർ ചൊല്ലും മുതു നെല്ലിക്ക…..”
പക്ഷേ, അതോന്നുമായിരുന്നില്ല ആ കുഞ്ഞു മനസിൽ. നല്ല തിളങ്ങുന്ന വേഷവിധാനങ്ങളൊക്കെ ഇട്ട് നൃത്തം ചെയ്യുന്ന ഒരു സുന്ദരിക്കുട്ടിയുടെ ചിത്രം… ഞാൻ അവതരിപ്പിക്കേണ്ടിയിരുന്ന; എന്റെ കുഞ്ഞുവാശി കൊണ്ട് എനിക്ക് നഷ്ടപ്പെട്ട അവസരം…
എന്നാൽ ഇതായിരുന്നു ഡാൻസ് എന്ന് ടീച്ചർ പഠിക്കാൻ പറയുമ്പോ എനിക്കറിയില്ലായിരുന്നല്ലോ? അച്ഛൻ പറഞ്ഞത് ശരിയാ. “മൂത്തവർ ചൊല്ലും മുതുനെല്ലിക്ക…”

ഒന്നാം ക്ലാസ്സിലെ സ്ക്കൂൾ വാർഷികാഘോഷത്തിന് ഡാൻസ് പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ വരാൻ പറഞ്ഞപ്പോ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു ടീച്ചർ വന്നു നാടോടിനൃത്തം പഠിപ്പിച്ചു തന്നു. കൈ നിറയെ ചുവപ്പും വെളുപ്പും കുപ്പിവളകളിട്ട്, മുഖം നിറയെ ചായം തേച്ച്, കാലിൽ കൊച്ചു ചിലങ്കയണിഞ്ഞ് അക്കൊല്ലം ഞാനും സ്റ്റേജിൽ കയറി നൃത്തം ചെയ്തു. പിന്നെയുള്ള പത്തുകൊല്ലം സ്കൂൾ വാർഷികാഘോഷങ്ങളിൽ ഒരു സ്ഥിരം സാന്നിധ്യമായി, ഞാനും. ഇതിനിടയിൽ അറിയാതെ ഞാനെപ്പോഴോ നൃത്തത്തെ സ്നേഹിച്ചു തുടങ്ങിയിരുന്നു… ഒന്ന്‌ അറിയണമെന്നും പഠിക്കണമെന്നും തോന്നിത്തുടങ്ങിയിരുന്നു…

ചെറുപ്പം മുതൽ കളിച്ചു വളർന്ന തട്ടകം വിട്ട് പ്രീഡിഗ്രിക്കായി ജില്ലയിലെ പ്രമുഖ കോളേജിലേക്ക് മാറിയപ്പോൾ പിന്നെ എല്ലാം മറന്നു. പഠിത്തത്തിനല്ലാതെ വേറെ ഒന്നിനും സമയമില്ലാത്ത അവസ്ഥ. ഒരു കഥാപുസ്തകം വായിക്കുന്നതോ ഒരു സിനിമ കാണുന്നതോ ഒക്കെ വെറും ഓർമ മാത്രമായി. പിന്നീട്‌ എൻജിനീയറിങ് കോളേജിൽ എത്തിയപ്പോൾ ആണ് വീണ്ടും ഡാൻസ് പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയത്. എന്നാലും ക്ലാസ്സിലെ സൂപ്പർ നർത്തകിമാരുടെ  ഒപ്പം എത്താൻ ശരിക്കും കഷ്ടപ്പെടേണ്ടി വന്നു! അതിൽ ഏറ്റവും സന്തോഷം തന്നത്‌ (ഏറ്റവും കഷ്ടപ്പെട്ടതും) കോളേജ് യൂത്ത് ഫെസ്റ്റിവൽ ഗ്രൂപ്പ് ഡാൻസിന് ഒന്നാം സ്ഥാനം നേടിയ
സെമിക്ലാസ്സിക്കൽ ഡാൻസ് കളിച്ചപ്പോഴാണ്. എൻജിനീയറിങ്ങിന് ശേഷം മൂന്നു വർഷത്തെ ഇടവേള. പിന്നെ ജോലി കിട്ടിയതിനു ശേഷം ട്രെയിനിംഗ് സെന്ററിൽ ഓണാഘോഷത്തിന് തിരുവാതിരകളിക്ക് ഒന്നാം സ്ഥാനം; ഞങ്ങളുടെ ബാച്ചിന് ഓവറോൾ കിരീടവും. ശുഭം!!

ജോലിത്തിരക്ക്… കുഞ്ഞുകുട്ടി പരാധീനതകൾ… കുടുംബപ്രാരാബ്ധം… ജോലിസംബന്ധമായും കുടുംബവശ്യങ്ങൾക്കായും ഉള്ള യാത്രകൾ…. പിന്നെ പതിനാലു വർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല. ഒരു വനവാസകാലത്തിനു ശേഷം ട്രെയിനിംഗ് സെന്ററിലെ സുഹൃത്തുക്കൾ ഒരേ ഓഫീസിൽ വീണ്ടും പോസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആ ഓണക്കാലത്ത് പഴയ തിരുവാതിര ഞങ്ങൾ വീണ്ടും പൊടി തട്ടിയെടുത്തു. ഇതിനിടയിൽ, വിവാഹശേഷം അറിയാതെ പോലും ഒരു പാട്ട് മൂളുകയോ ചുവടുവയ്ക്കുകയോ ചെയ്തതായി എനിക്കോർമയില്ല. വീട്ടുകാരുടെ മുന്നിൽ അതിനുള്ള ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. ഒരിക്കൽ ഭർത്താവ് ഒരു നോട്ടീസ് എടുത്തു കയ്യിൽ തന്നിട്ട് പറഞ്ഞു: “ഇതിൽ കാണുന്ന നമ്പറിൽ ഒന്നു വിളിച്ചു നോക്ക്”. നോക്കിയപ്പോൾ ഒരു ഡാൻസ് സ്‌കൂളിന്റെ വിദ്യാരംഭം നോട്ടീസ് ആണ്. “Classes for children and working women!” ഏതു കാര്യവും പോലെ ഇതും മറവിയുടെ കൂട്ടു പിടിച്ചു. ഒരാഴ്ചക്കു ശേഷം വീണ്ടും ഓർമിപ്പിച്ചു: “ആ നമ്പറിൽ വിളിച്ചു നോക്കിയിരുന്നോ?”. ആ നോട്ടീസ് എവിടെപ്പോയി എന്നു പോലും എനിക്ക് ഓർമ ഇല്ലായിരുന്നു! “നിന്റെ സ്വഭാവം എനിക്കറിയില്ലേ? ആ നോട്ടീസ് ഞാൻ വാട്സാപ്പിൽ അയച്ചിട്ടുണ്ട്, വിളിച്ചു നോക്ക്”. (വീണ്ടും കൊക്ക്…. കുളം….)

അതെടുത്ത് വിളിച്ചു നോക്കി. ടീച്ചർ നേരിട്ടു വരാൻ പറഞ്ഞു. ആറ്റുനോറ്റ് ഇറങ്ങാനിരുന്ന മുഹൂർത്തത്തിൽ മഴ പെയ്യുന്നു! “ഇനിയീ മഴയത്ത് ബൈക്കിൽ പോകണ്ട, വേറൊരു ദിവസം പോകാം” എന്നായി ഞാൻ. “ഇന്ന് നീ പോയി ക്ലാസ്സിനു ചേർന്നില്ലെങ്കിൽ പിന്നെ ഈ ജന്മം നടക്കാൻ പോകുന്നില്ല. അതുകൊണ്ട് ഇപ്പൊ തന്നെ ഇറങ്ങാം. മഴയത്തെങ്കിൽ മഴയത്ത്”. (ഈ കൊക്ക് കുളം മാത്രമല്ല, ആകാശവും കണ്ടതാ…!!) ആ ഉറച്ച തീരുമാനത്തിൽ ഞങ്ങളിറങ്ങി, ടീച്ചറെ നേരെ ചെന്നു കണ്ടു ആഗ്രഹം പറഞ്ഞു. അങ്ങനെ അടുത്ത ഒന്നാം തീയതി മുതൽ ക്ലാസ്സിൽ വരാൻ തീരുമാനിച്ചു ഞങ്ങളിറങ്ങി.

പിന്നെ കുറെ നാളുകൾ പോയതെങ്ങിനെ എന്നറിഞ്ഞില്ല. ഒരു മണിക്കൂർ ക്ലാസ് കഴിഞ്ഞാൽ പിന്നെ അടുത്ത ക്ലാസ്സിനുള്ള കാത്തിരിപ്പാണ്. ശരീരമാസകലം നുറുങ്ങുന്ന വേദന. ടീച്ചർ മുന്നറിയിപ്പ് തന്നിരുന്നതു കൊണ്ട് വേദന അവഗണിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് കുറേ സംഗീത ഉപകരണങ്ങൾ പഠിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മനസ്സറിഞ്ഞ്, ആസ്വദിച്ചു പഠിച്ചതായി ഒരിക്കലും തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോൾ, ഈ ഒരു മണിക്കൂർ, എന്റേതു മാത്രമായ ഒരു മണിക്കൂർ, ഞാൻ ഒരുപാട് ആസ്വദിക്കുന്നു… നാലാം വയസിലും പതിനാലാം വയസിലും നൃത്തം പഠിക്കുന്നവരോടൊപ്പം നാൽപതാം വയസിൽ നൃത്തം പഠിച്ചു തുടങ്ങുന്നതിന്റെ ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. അതിന്റെ കുറ്റങ്ങളും കുറവുകളും മനസിലാക്കുകയും ചെയ്യുന്നു . എന്നാലും, ഒരു സ്റ്റേജ് പെർഫോമൻസ് പോയിട്ട് ഒരു അടുക്കള പെർഫോമൻസ് പോലും മനസിലില്ലാതിരുന്ന ഞാൻ, അങ്ങനെ വർഷങ്ങൾ പിന്നിടുമ്പോൾ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഇതാ അരങ്ങേറ്റം കഴിഞ്ഞു നിൽക്കുന്നു!! ഇനിയെന്നും ഈ നൃത്തം എന്നോടൊപ്പമുണ്ടാകണേ എന്നാണെന്റെ ആഗ്രഹവും പ്രാർത്ഥനയും…. 

Sreepa KP