ഒരു വര്‍ഷത്തിന്‍റെ ഇടവേളക്ക് ശേഷം ഇതാ നമ്മുടെ LBS CSE ’99 മാഗസിന്‍ ഗ്രൂപ്പ് വീണ്ടും സജീവമായിരിക്കുന്നു. സായ്റാം മുന്നിട്ടിറങ്ങി പ്രിയ, പ്രീത, ശ്രീപ, വിമല്‍ അങ്ങനങ്ങനെ എല്ലാരും തിരക്കുകള്‍ക്കിടയിലും ഇത്ര ഉഷാറാക്കുമ്പോള്‍ എങ്ങനെ inspiration വരാതിരിക്കും..
എഞ്ചിനീയറിംഗ് കാലഘട്ടത്തിന്‍റെ അയവിറക്കലുകളും പല ജീവിതാനുഭവങ്ങളും പിന്നെ പുതിയ വിശേഷങ്ങളും ഒക്കെയായി വെബ്‌പേജ് ആകെപാടെ മിനുങ്ങിയിട്ടുണ്ട്.
കിഷോര്‍ ആണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഒറ്റയിരിപ്പിന് എഴുതികഴിഞ്ഞു എന്ന് പറഞ്ഞു മാറ്റര്‍ അടക്കം മെസ്സേജ് ഇട്ടിരിക്കുന്നു.
പിന്നെ ഒന്നും നോക്കിയില്ല. ഇന്ന് രാത്രിക്ക് മുന്‍പ് എന്‍റെ ‘വക’യും റെഡി ആയിരിക്കും എന്നു ഞാനും ഗ്രൂപ്പില്‍ മെസ്സേജ് അയച്ചു. കഴിഞ്ഞ വര്‍ഷം ഈ മാഗസിന്‍ ആശയത്തിന്‍റെ തുടക്കത്തില്‍, കൊടുമ്പിരികൊണ്ട ചര്‍ച്ചകല്‍ക്കിടയിലെപ്പോഴോ എവിടെയോ ഞാന്‍ കോറിയിട്ട വരികളായിരുന്നു മനസ്സില്‍..
അത് തപ്പിയെടുക്കണം… പക്ഷെ എവിടെയായിരിക്കും…
തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. കിട്ടിയിട്ട് എന്തെങ്കിലും കാര്യം ഉണ്ടാവ്വോ ആവോ..
അതിന് ശേഷം ഗംഭീരമായ ഒരു ഫ്ലാറ്റ്മാറ്റം കൂടി കഴിഞ്ഞത് കൊണ്ട് പ്രതീക്ഷക്ക് വല്ല്യ വകയൊന്നുമില്ല…
ഓരോന്ന് ആലോചിച്ച് കൊണ്ട് എന്‍റെ ‘script hunting operation’ തുടങ്ങി. ബെഡിന്‍റെ അടിയിലുള്ള storageഇല്‍ ഏതൊക്കെയോ പഴയ ബുക്സ് വച്ചത് ഓര്‍മയുണ്ട്. അലമാറയുടെ മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനു മുന്‍പ് അവിടെ തപ്പി നോക്കാം. ബെഡ് പൊക്കി പുസ്തകത്തിന്‍റെ അട്ടി പുറത്തേക്ക് വച്ചു.
ബാംഗ്ലൂര്‍ വന്നിട്ട് ആറു കൊല്ലമായിട്ടും കന്നഡ പഠിച്ചില്ലാലോ കളിയാക്കുന്നപോലെ, കെട്ടിന്‍റെ ഏറ്റവും മുകളിലുള്ള “Kannada Master in 30 days” എന്നെ നോക്കി ചിരിച്ചു. അടുത്തത് ഒരു നോട്ട്ബുക്ക് ആണ്. ബുക്ക്‌മാര്‍ക്ക് പോലെ ഒരു ബോള്‍പെനും ഉള്ളിലുണ്ട്. തുറന്നു നോക്കിയപ്പോള്‍, എന്‍റെ സര്‍ഗസൃഷ്ടി അതാ ഒരു മുഴുപേജിലങ്ങനെ നിറഞ്ഞ് നില്‍ക്കുന്നു.
സമാധാനം.. ഇത്ര വേഗം സാധനം കയ്യിലെത്തിയല്ലോ.
ഏയ്… ഓര്‍മശക്തി കൊണ്ടൊന്നുമല്ല.
രണ്ട് മാസം മുമ്പത്തെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നല്ല വൃത്തിക്ക് മനസ്സിലായ Machine learning algorithmന്‍റെ പേര് കഴിഞ്ഞാഴ്ച്ച കേട്ടപ്പോള്‍, ‘ഇതേതാ പുതിയ topic’ ന്ന് തോന്നി. അപ്പോഴേ കണ്‍ഫ്യൂഷന്‍ ആയതാണ്, ബ്രഹ്മി ടാബ്ലെറ്റ് ഓണ്‍ലൈന്‍ ആയി വാങ്ങണോ അതോ അടുത്തുള്ള അപ്പോളോ ഫാര്‍മസിയില്‍ പോയാല്‍ മതിയോന്ന്.
എന്തായാലും മിഷന്‍ success!!!
എന്നാ പിന്നെ മുഴുവനാക്കിയേക്കാം എന്ന് തീരുമാനിച്ച് പുതിയ ബുക്കും പെന്നും വച്ച് എഴുതാനിരുന്നു. ഒരു കൊല്ലം മുഴുവന്‍ എന്നെയും കാത്തിരുന്ന ‘സംഭവം’ വായിക്കാന്‍ തുടങ്ങി.
ദൈവമേ, ഇത് ഞാന്‍ തന്നെ എഴുതിയതായിരുന്നോ??
ഇത്തിരി കൂടി പോയില്ലെ… കടിച്ചാല്‍ പൊട്ടാത്ത കട്ടി മലയാളം.
ഇതും കൊണ്ട് ഗ്രൂപ്പിലേക്ക് കേറിയാല്‍ പിന്നെ കണ്ടംവഴി ഓടേണ്ടി വരും. ഉറപ്പ്… ഭദ്രമായി പഴയ സ്ഥാനത്തെക്ക് തിരിച്ചുവെച്ചു. മിനുക്ക്‌പണികളൊക്കെ നടത്തി കുറച്ചു കഴിഞ്ഞ് സുന്ദരനാക്കി പുറത്തിറക്കിയാല്‍ മതി.
കൂട്ടുകാര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഇന്ന് തന്നെ എന്തെങ്കിലും എഴുതിയേ പറ്റൂ. മണ്ടത്തരത്തിന് ഇന്ന് രാത്രിക്ക് മുന്‍പ് എന്ന statementഉം ഇറക്കി. വേണ്ടായിരുന്നു.
എന്തായാലും എഴുതി നോക്കാം. തുടങ്ങി..
എഴുതിയ അത്രയും ഒന്ന് കൂടി വായിച്ചു. കുഴപ്പമില്ല.
പുസ്തകങ്ങളേയും കവിതകളേയും അഗാധമായി സ്നേഹിച്ചിരുന്ന എന്നിലെ സ്വപ്നജീവി, രണ്ടര പതിറ്റാണ്ടിനു ശേഷം എഴുത്തിന്‍റെ നിലാവെളിച്ചത്തിലെക്കിറങ്ങിയതല്ലേ.. ഒരുപാട് നാളുകള്‍ കഴിഞ്ഞ് ഒരു എഴുത്ത് മുഴുവനാക്കിയതിന്‍റെ സംതൃപ്തി ഉണ്ട്.
മാറിനടന്നു ഞാന്‍ നഷ്ടപ്പെടുത്തിയ പ്രണയം, ജീവിതമായി തിരിച്ചുവന്നതിന്‍റെ മാന്ത്രികത ഇപ്പോള്‍ തിരിച്ചറിയുന്നു..
നനുത്ത മണ്ണില്‍ പുതുമഴ വീണപോലെ…
അതിന്‍റെ ആര്‍ദ്രതയില്‍ ഉണങ്ങിവരണ്ട എഴുത്തിന്‍റെ ഉറവകള്‍ വീണ്ടും കിനിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു..
…….ശുഭം…….
Namitha